'ലതാമങ്കേഷ്കറിനു ശേഷം ഇന്ത്യ കെണ്ടത്തിയ ഏറ്റവും മാധുര്യമേറിയ സ്വരത്തിനുടമ' എന്നാണ് ഈ ബംഗാളി സുന്ദരിയെ സംഗീത നിരൂപകര് വിലയിരുത്തുന്നത്. 'ഇന്ത്യയുടെ അഭിമാനം' എന്ന് ആശാ ഭോസ്ലെ പ്രകീര്ത്തിച്ച ഗായിക. ചുരുങ്ങിയ കാലത്തിനുള്ളില് തന്റെ കോകില സ്വരം കൊണ്ടു ലോകം മുഴുവന് ആരാധകരെ തീര്ത്ത താരം. ബോളിവുഡില് മാത്രമല്ല, മലയാളമുള്പ്പെട്ട ദക്ഷിണേന്ത്യന് ഭാഷകളിലും ഹിറ്റുകള് തീര്ക്കുന്ന അനുഗ്രഹീത പ്രതിഭ- ശ്രേയ ഘോഷാല്. മാതൃഭൂമിയും കല്ല്യാണ് സില്ക്സും ചേര്ന്ന് ഒരുക്കിയ പുരസ്കാര രാത്രിയില്, 2010ലെ മലയാള സിനിമയിലെ മികച്ച ഗായികയ്ക്കുള്ള അവാര്ഡ് ഏറ്റുവാങ്ങാന് തിരക്കുകള് മാറ്റിവെച്ചെത്തിയ ശ്രേയയുമായി ഒരു മുഖാമുഖം.
ബോളിവുഡിലെ തിരക്കുകള്ക്കിടയില് നിന്ന് എങ്ങനെയാണ് ദക്ഷിണേന്ത്യന് സിനിമകളില് പാടാന് എത്തുന്നത് ?
എത്ര അനുഗ്രഹീതരാണ് ഇവിടുത്തെ സംഗീത സംവിധായകര് എന്നറിയാമോ? ഇളയരാജ, എ.ആര്. റഹ്മാന്, കീരവാണി, എം. ജയചന്ദ്രന്, അല്ഫോണ്സ് എന്നീ പ്രതിഭകള് ഒരുക്കുന്ന പാട്ടുകള് എത്ര ഹൃദയാവര്ജകമാണ്. ഹിന്ദി പാട്ടുകള് മാത്രം പാടിയാല് അതിനെനിക്ക് അവസരം ലഭിക്കുമോ? സംഗീതത്തിന്റെ സൗന്ദര്യം ഭാഷകള്ക്കതീതമല്ലേ?
മലയാളത്തില് പാടുമ്പോള് ഇത്രയും അക്ഷരസ്ഫുടത?
ഈശ്വരാ...! ഇതിലും വലിയ കോംപ്ലിമെന്റ് ഇനി കിട്ടാനില്ല. ലിറിക്സ് ഞാന് നന്നായി മനപ്പാഠമാക്കും. വാക്കുകളുടെ അര്ഥവും. പാടുമ്പോള് ഒരോ വാക്കിനും കോടുക്കേണ്ട വിന്യാസങ്ങളും മനസ്സിലാക്കാന് ശ്രമിക്കും. സംഗീതസംവിധായകരുടെ സഹായംകൊണ്ടു മാത്രമാണ് അങ്ങനെ പാടാന് പറ്റുന്നത് എന്നാണെന്റെ വിശ്വാസം. 'ഴ' ആയിരുന്നു ആദ്യം ഏറ്റവും വലിയ പ്രശ്നം. തമിഴിലും മലയാളത്തിലും. ഇപ്പോ 'ഞ' ആണ് ശത്രു. എനിക്ക് ഒരു പാട് മല്ലു സുഹൃത്തുക്കളുണ്ട്, സംശയങ്ങള് ഞാന് ചിലപ്പോള് അവരെ വിളിച്ചു ചോദിക്കും. പക്ഷേ, ഒന്നിനു പോലും മര്യാദയ്ക്ക് വാക്കുകള് പറഞ്ഞുതരാനറിയില്ല. എല്ലാവരും കുഞ്ഞിലേ കേരളത്തിനു പുറത്തു വളര്ന്നവര്.
മലയാള സിനിമയില് സുഹൃത്തുക്കളുണ്ടോ?
മംമ്ത മോഹന്ദാസ്. ഞാന് അവര്ക്കായി പാടിയിട്ടുമുണ്ടല്ലോ. എന്തൊരു സുന്ദരി, എന്തൊരു ക്യാരക്റ്റര്!
ഇത്ര ചെറുപ്രായത്തില് നാലു ദേശീയ പുരസ്കാരങ്ങള്, അസംഖ്യം അംഗീകാരങ്ങള് !
അതെന്നെ കൂടുതല് വിനയാന്വിതയാക്കുന്നു. അതെനിക്ക് കൂടുതല് ഉത്തരവാദിത്വം നല്കുന്നു.
ഒരു ദിവസം എത്ര പാട്ടുകള് റെക്കാര്ഡു ചെയ്യാറുണ്ട്?
ദിവസവും ശരാശരി ഒരു പാട്ടെങ്കിലും ഉണ്ടാവും. മിക്കവാറും എല്ലാ ഭാഷകളിലും പാട്ടുണ്ടാവും. സമയം എന്റെ കൈപ്പിടിയില് ഒതുങ്ങുന്നില്ല എന്നതാണു സത്യം.
മനസ്സില് പതിഞ്ഞുപോയ ചില ഗാനങ്ങളുണ്ടാവുമല്ലോ. എപ്പോഴും കേള്ക്കാന് കൊതിക്കുന്ന ഈണങ്ങള്?
ലതാജിയുടെ 'ആപ് കീ നസ്രോം നെ സംഝാ' എപ്പോള് കേള്ക്കുമ്പോഴും വെണ്ണപോലെ ഞാന് അലിഞ്ഞു പോവും. എന്തൊരു മാജിക്! എല്ലാവരേയും പോലെ എന്റെ ഏറ്റവും വലിയ ആരാധനാപാത്രം ലതാജിയാണ്.
എപ്പോഴെങ്കിലും ആര്‍ക്കൊപ്പമെങ്കിലും പാടണം എന്നാഗ്രഹിച്ചിട്ടുണ്ടോ?
കിഷോര്‍ ദാദയ്‌ക്കൊപ്പം (കിഷോര്‍ കുമാര്‍) പാടാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം ബാക്കി കിടക്കുന്നു. എന്തൊരു ശബ്ദഗരിമയാണദ്ദേഹത്തിന്റേത്! എന്തൊരു പ്രസരിപ്പുള്ള വ്യക്തിത്വം!
കേള്‍ക്കാന്‍ ഇഷ്ടമുള്ള സംഗീതം?
രബീന്ദ്ര സംഗീതം. ചെറുപ്പത്തിലേ അമ്മ പാടി കേള്‍ക്കുന്ന ഗാനങ്ങളാണവ.
പാടാതിരിക്കുമ്പോള്‍ ?
ട്വീറ്റ് ചെയ്യും, എന്റെ ഐപ്പോഡില്‍ പാട്ടു കേള്‍ക്കും, സുഖമുള്ള ദിവാസ്വപ്നങ്ങള്‍ കാണും.
ഇഷ്ടമുള്ള ഹോബി ?
പാചകം. മുംബൈയില്‍ വരൂ... എത്ര നല്ല കുക്കാണ് ഞാന്‍ എന്നു
++++++++++
കാണിച്ചു തരാം.
എന്തു കഴിക്കാനാണിഷ്ടം?
ഭക്ഷണ കാര്യത്തില്‍ ഞാന്‍ ടിപ്പിക്കല്‍ ബംഗാളി തന്നെ. മീനും ചോറും. ബംഗാളികളും മലയാളികളും തമ്മില്‍ എന്തൊരു സാമ്യമാണ്. കാണാനും ഒരുപോലെ.
എപ്പോഴും ഓര്‍ക്കുന്നത്?
റാവത്ത് ഭാട്ടയിലെ കുട്ടിക്കാലം. രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിനടുത്താണത്. രാജസ്ഥാനിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതി. ചമ്പലിന്റെ ഒരു കൈവഴി അതിലൂടെ ഒഴുകിപ്പോകുന്നുണ്ട്. നിറയെ മരങ്ങളും പച്ചപ്പുമുള്ള സ്ഥലം.
മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഖങ്ങള്‍ ?
അച്ഛന്‍, അമ്മ, അനിയന്‍, കല്ല്യാണ്‍ജി, സഞ്ജയ് ലീല ബന്‍സാലി.
Link to this interview
0 comments . What's yours?:
Post a Comment